Saturday 1 July 2017

പ്രൊഫഷണൽ കോർസും ഉപജീവനവും

നമ്മുടെ ടി. ടി.സി കുട്ടികൾ എവിടെപ്പോകുന്നു ? പരീക്ഷ കഴിഞ്ഞ് ജയിച്ച് പ്രതിവർഷം 5000 ത്തോളം കുട്ടികൾ പുറത്തു വരുന്നുണ്ട്. അവരൊക്കെ പിന്നെ എവിടെപ്പോകുന്നു എന്നാലോചിച്ചിട്ടുണ്ടോ? സർക്കാർ - എയ്ഡഡ് സ്കൂളുകളിൽ പ്രവേശനം ലഭിക്കുന്നത് 10-12 ശതമാനം കുട്ടികൾക്ക് മാത്രമാണല്ലോ. അതും അക്കൊല്ലം ആവണമെന്നില്ല. നാലും അഞ്ചും വർഷം കാത്തിരുന്നിട്ട്. 10-15 ശതമാനം കുട്ടികൾ അൺ എയ്ഡഡ് സ്കൂളുകളിൽ ചെന്നു കൂടുന്നു. ബാക്കിവരുന്നവരൊക്കെ എന്തു ചെയ്യുന്നു എന്നാരാലോചിക്കാൻ എന്നാവരുതല്ലോ സ്ഥിതി ?

ടീച്ചർ എഡ്യൂക്കേഷൻ എല്ലാ തലത്തിലും മികച്ച നിലവാരത്തിൽ നമ്മുടെ സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ട്. ഡയറ്റ് പോലുള്ള സ്ഥാപനങ്ങളുടെ ശക്തമായ മേൽനോട്ടമുള്ള പാലക്കാട് പോലുള്ള ജില്ലകളിൽ ഇക്കാര്യം വളരെ വലിയൊരളവിൽ ശരിയാണ്`. ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാമെങ്കിലും സംസ്ഥാനത്തൊട്ടാകെ നിലവാരമുള്ള ടീച്ചർ എഡ്യൂക്കേഷൻ സംവിധാനങ്ങളുണ്ട്. ടി.ടി.സി നിലവിലെ സാഹചര്യത്തിനനുസൃതമായി വളരെയേറെ പുതുക്കിയെടുത്ത് ഡിപ്ളോമാ കോർസാക്കിയിട്ട് ഒരു ബാച്ച് പുറത്തു വന്നു കഴിഞ്ഞു. ഈ ഏപ്രിലിൽ 2ആം ബാച്ച് വരും. ക്ളാസ് റൂം പ്രവർത്തനങ്ങൾ, മെന്ററുടെ മേൽനോട്ടത്തിലുള്ള പരിശീലനങ്ങൾ, മികച്ച പ്രാക്ടിക്കൽ പരീക്ഷകൾ , ഉത്തരവാദിത്വപൂർവം ഇടപെടുന്ന അദ്ധ്യാപകർ, പ്രക്രിയാ ബന്ധിതമായ പ്രവർത്തനങ്ങളിലൂടെ പരിശീലനം നേടുന്ന കുട്ടികൾ, സമൂഹ്യ സമ്പർക്ക പരിപാടികൾ, സെമസ്റ്റർ സ്വഭാവം എന്നിങ്ങനെ നവീകരിച്ച ഡി എഡ്ഡ് മികവുറ്റ ഒരു കോർസായി മാറിയിട്ടുണ്ട്. എന്നിട്ടും കോർസ് കഴിഞ്ഞ നമ്മുടെ കുട്ടികൾ പിന്നെ എവിടെ പോകുന്നു എന്നാലോചിക്കുമ്പോൾ ആവേശകരമായി ഒന്നും തന്നെയില്ല.

ഒരു പ്രൊഫഷണൽ കോർസാണ്` എന്നും ടി. ടി.സി . താരതമ്യേന സാധാരണക്കാരന്റെ - അതും പെൺമക്കളുടെ കാര്യത്തിൽ അധികം കരുതലോടെ - തെരരഞ്ഞെടുപ്പായാണ്` ഈ കോർസ് പണ്ടുമുതലേ . ടി. ടി. സി ക്ക് വിട്ടാൽ അവൾക്ക് / അവന്ന് ചോറായി എന്നായിരുന്നു കാരണവന്മാരുടെ ചിന്ത. അന്നത് മിക്കവാറും ശരിയുമായിരുന്നു. പഠിപ്പുകഴിഞ്ഞാൽ പണി ഉറപ്പായിരുന്നു . ജീവിതം വലിയ അല്ലലില്ലാതെ മുന്നോട്ടുകൊണ്ടുപോകാമായിരുന്നു. പിന്നീട് സ്ഥിതിഗതികൾ മാറുകയും ജോലിക്ക് ഉറപ്പില്ലാതാവുകയും ചെയ്തു വെന്നത് സമകാലിക അവസ്ഥ . അത് ചർച്ച ചെയ്യേണ്ട എന്നല്ല ; അതിനേക്കാളധികം ' ഒരു പ്രൊഫഷണൽ കോർസ് ' എന്ന നിലയിലുള്ള പോരായ്മകളാണ്` ആദ്യം ചർച്ച ചെയ്യേണ്ടത് എന്ന തോന്നലാണ്` ഇവിടെ പങ്കുവെക്കുന്നത് .

പ്രൊഫഷണൽ കോർസ് കഴിഞ്ഞയാൾ പ്രൊഫഷണലാകണം സാധാരണ നിലയ്ക്ക് . അദ്ധ്യാപക പരിശീലനം [ ടി. ടി. സി , ബിഎഡ്ഡും ... ] ഒഴിച്ചുള്ള എല്ലാ കോർസുകളിലും അതങ്ങനെയാണുതാനും. സ്വന്തം താൽപര്യവും ഒരൽപ്പം സംരഭകത്വവും ഉണ്ടായാൽ സ്വയം പ്രൊഫഷണിൽ പ്രവർത്തിക്കാം. അങ്ങനെയാണല്ലോ 70-90 കളിൽ [ തട്ടിക്കൂട്ടിയ ] നിരവധി ടൂട്ടോറിയൽ സ്ഥാപനങ്ങൾ ഉണ്ടായത്. മികച്ചവ അതിൽ അതിജീവിക്കയും ചെയ്തു. എന്നാൽ ഇന്ന് അതിനുള്ള ഇടം ഇല്ല എന്നുതന്നെ പറയാം. ആ വഴിക്കുള്ള പരിഹാര ചിന്ത എവിടെയും എത്തിക്കില്ല. അതും മഹാഭൂരിപക്ഷവും പെൺകുട്ടികൾ മാത്രമുള്ള ഒരു ഒരു പ്രൊഫഷണൽ കോർസിന്റെ കാര്യത്തിൽ . അതുകൊണ്ട് മറ്റുവഴികൾ ആലോചിക്കേണ്ടി വരും.

നാലു സെമസ്റ്റർ സമയം കൊണ്ട് ഇപ്പോൾ കുട്ടിയെ പ്രൊഫഷണലാക്കുക എന്ന കാര്യം നടക്കുന്നുണ്ട് എന്നു കരുതാം. അതാണല്ലോ പരീക്ഷയും വിജയവും തരുന്ന സൂചന. എന്നാൽ അത് സ്കൂളിൽ ജോലി കിട്ടിയാൽ നന്നായി പ്രവർത്തിക്കാനുള്ള പരിശീലനമേ ആകുന്നുള്ളൂ. സ്കൂളിൽ പണി കിട്ടിയില്ലെങ്കിൽ ഈ കഴിവ് നിരുപയോഗമാണ്`. ഉപാധികളോടെയുള്ള [ അതും ഒറ്റ ഉപാധി : സ്കൂളിൽ പണികിട്ടിയാൽ എന്നു മാത്രം ] പ്രൊഫഷണലിസം നിഷ്ഫലമാണ്`. സാമ്പ്രദായികമായ സ്കൂളിന്നു പുറത്തും കുട്ടിക്ക് തന്റെ തൊഴിലെടുത്ത് ജീവിക്കാൻ കഴിയണം. അതിനുള്ള സാധ്യതകൾ തുറന്നിടുന്ന അതോടൊപ്പം സംരംഭകത്വത്തിന്റെ ബാലപാഠങ്ങൾ നൽകുന്ന ഒന്നായി ടി. ടി. സി കോർസുകൾ വികസിപ്പിക്കേണ്ടതുണ്ട്. അപ്പോൾ :
ഒന്ന് - തൊഴിൽ സാധ്യതകൾ രണ്ട് - സംരഭകത്വ പരിശീലനം ഇതു രണ്ടും സിലബസ്സിൽ നിർബന്ധമായും ഉണ്ടാവേണ്ടതുണ്ട്. അതിനനുസരിചുള്ള പഠന പരിശീലന പരിപാടികളും ഉൾപ്പെടുന്ന സ്കൂളിങ്ങ് ടി. ടി. സി സ്ഥാപനങ്ങളിൽ വരുന്നതോടെ ഈ കോർസിന്റെ നിലവിലുള്ള പരിതാപകരമായ മുഖം മാറും. ചില നിർദ്ദേശങ്ങൾ ഇങ്ങനെയാണ്`.

ഒന്ന് ] തൊഴിൽ സാധ്യതകൾ
  • കമ്പ്യൂട്ടർ / നെറ്റ് അടിസ്ഥാനമായുള്ള വിദ്യാഭ്യാസ പരിപാടികൾ . അത് കുട്ടികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവരെ ഉദ്ദേശിച്ചുള്ളത് . വെച്വൽ സ്കൂളുകൾ
  • അവനവന്ന് താൽപര്യമുള്ള വിഷയങ്ങളിൽ മേൽപ്പറഞ്ഞ സഹായങ്ങൾ [ ടീച്ചിങ്ങ് ] നൽകാൻ വേണ്ട അധിക കെൽപ്പ് ഓരോരുത്തർക്കും ഉണ്ടാക്കാനുള്ള ഊന്നലുകൾ [ നിലവിൽ ഒരു ക്ളാസിൽ 25-30 കുട്ടികളേ ഉള്ളൂ ]
  • സൈറ്റ്, ബ്ളോഗ്, സോഷ്യൽ നെറ്റ്‌‌വർക്കുകൾ എന്നിവ തൊഴിൽപരമായി [ അദ്ധ്യാപനം ] ഉപയോഗിക്കാൻ പരിശീലിപ്പിക്കൽ / അതിൽ നിന്ന് ചെറിയെതെങ്കിലും ഒരു വരുമാനം നേടാൻ പ്രാപ്തരാക്കൽ
  • സ്വന്തം നിലയ്ക്കും ചെറിയ ഗ്രൂപ്പുകളായും കോർസിലെ കുട്ടികൾ മുഴുവൻ ചേരുന്ന വലിയ ഗ്രൂപ്പുകൾ എന്ന നിലയിലും പ്രവർത്തനങ്ങൾ പ്ളാൻ ചെയ്യാനും നടപ്പാക്കാനും വേണ്ട പരിശീലനങ്ങൾ
  • ഓൺ ലയിൻ ക്ളാസുകൾ, പരീക്ഷകൾ , മത്സരങ്ങൾ – സമ്മാനങ്ങൾ എന്നിവ ക്രിയേറ്റ് ചെയ്യാനും പ്രവർത്തിപ്പിക്കാനും വേണ്ട പരിശീലനങ്ങൾ
  • സ്ഥാപനം എന്ന നിലയിൽ അതിന്ന് തന്റെ കുട്ടികളെ തുടർന്ന് സഹായിക്കാനും മെച്ചപ്പെടുത്താനും ഡയറ്റ് അടക്കമുള്ള മറ്റു സംവിധാനങ്ങളെ ആശ്രയിക്കാനും തയ്യാറാവാൻ വേണ്ട ക്രമീകരണങ്ങളും ഉത്തരവാദിത്തവും [ പ്രതിഫലത്തോടുകൂടി ] ഏൽപ്പിക്കൽ
  • സംസ്ഥാനത്തെ മുഴുവൻ അദ്ധ്യാപകരേയും ഇക്കാര്യങ്ങളിൽ ഇടപെടുവിക്കാനുള്ള സർക്കാർ മുൻകയ്യുകൾ
  • കായികപരിശീലനം, പ്രവൃത്തിപരിചയം , പഠിപ്പിക്കാനും പഠിക്കാനുമുള്ള ഉപകരണങ്ങൾ പരിചയപ്പെടുത്തൽ – നിർമ്മിക്കൽ – നവീകരിക്കൽ - ഓൺ ലയിൻ സ്റ്റോറുകൾ ഉണ്ടാക്കൽ, തുടങ്ങിയ സംഗതികളിൽ പ്രായോഗിക പരിശീലനം
  • സ്വന്തം വീട്ടിനടുത്തുള്ള കുട്ടികൾ, മുതിർന്നവർ എന്നിവർക്ക് നെറ്റ് സാക്ഷരത, മൊബൈൽ സാക്ഷരത തുടങ്ങിയവക്ക് സഹായം നൽകാനുള്ള പ്രായോഗിക പരിശീലനങ്ങൾ
  • ഓൺലയിൻ സേവനങ്ങൾ നൽകാൻ പ്രാപ്തരാക്കൽ
  • കണ്ടന്റ് റയ്റ്റിങ്ങ്, പരസ്യം, കേബിൾ നെറ്റ് വർക്കുകൾ, വാർത്താചാനലുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള പരിശീലനങ്ങൾ
  • ഡി.ടി.പി തുടങ്ങിയ സങ്കേതങ്ങളിൽ പരിചയം
  • ലൈബ്രറി കളിൽ പ്രവർത്തിക്കാനുള്ള പരിശീലനം
  • ജൈവകൃഷി , മാലിന്യപരിചരണം , പ്രകൃതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കാനുള്ള പരിചയം
  • സിറ്റിസൺ ജേർണലിസം
  • ഈവന്റ് മാനേജ്മെന്റ്
  • സാംസ്കാരിക പ്രവർത്തനം
  • ക്രിയേറ്റീവ് റയ്‌‌റ്റിങ്ങ്

രണ്ട് ] സംരഭകത്വ പരിശീലനങ്ങൾ
  • പ്രാഥമിക പാഠങ്ങൾ [ ആവശ്യം, സാധ്യത, ഏതു മേഖല തുടങ്ങിയവ തിരിച്ചറിയാനും സാമ്പത്തികമടക്കമുള്ള സഹായങ്ങൾ കിട്ടാറാക്കാനുമുള്ള പരിശീലനങ്ങൾ ]
  • ടി.ടി.സി സ്ഥാപനങ്ങൾ വെറും പ്രൊഫഷണലുകളെ ഉണ്ടാക്കുന്നതിനപ്പുറം അവരെ സൃഷ്ട്യുന്മുഖമായ - ജീവിതായോധനത്തിനുതകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുവിക്കാൻ മാർഗനിർദ്ദേശവും സഹായങ്ങളും സ്ഥിരമായി നൽകുന്ന അവസ്ഥയിലേക്ക് മാറ്റൽ
..

ഇതാണ്` നിലവിൽ സമൂഹവും ഈ കുട്ടികളും ആവശ്യപ്പെടുന്നത്. പഠിപ്പിച്ചുവിടൽ മാത്രമായിരിക്കരുത് ; പഠിപ്പിക്കുന്നത് ജീവിതം കൂടിയായിരിക്കണമല്ലോ.

No comments:

Post a Comment